ഇരിങ്ങാലക്കുട: രൂപതയുടെ 49-ാം രൂപതാദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സമൂഹബലിയോടെ ആരംഭിക്കും. തുടര്‍ന്ന് കത്തീഡ്രല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനം കായിക യുവജനക്ഷേമ രജിസ്ട്രേഷന് പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.
എംഎംബി പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി, ഹോം ചലഞ്ച് സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ എഫ്എംഎം, നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി.യു. തോമസ് എന്നിവര്‍ ചേര്‍ന്ന് കാരുണ്യവര്‍ഷം ഉദ്ഘാടനം ചെയ്യും. സുവര്ണഗേഹ പദ്ധതിയുടെ താക്കോല്‍ദാനം, ബിഎല്‍എം ധ്യാനകേന്ദ്രത്തിന്റെയും സ്പെരന്‍സാ ഹോംസ് ഫോര്‍ സീനിയര്‍ സിറ്റിസണ്‍സിന്റേയും അടിസ്ഥാന ശിലകളുടെ ആശീര്‍വാദം, രൂപത ഹെറിറ്റേജ് സെന്റര്‍ മ്യൂസിയം ഉദ്ഘാടനം എന്നിവ നടക്കും. രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ സ്വാഗതവും വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ നന്ദിയും പറയും.